വൈറ്റ് ഹൗസിലെത്തി ട്രംപ്, ജോ ബൈഡനെ കണ്ടു; 2020ന് ശേഷമുള്ള ആദ്യ‍ കൂടിക്കാഴ്ച

By: 600007 On: Nov 14, 2024, 4:17 AM

 

 

വാഷിം​ഗ്ടൺ: നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിൽ എത്തി. പ്രസിഡൻ്റ് സ്ഥാനമൊഴിയുന്ന ജോ ബൈഡനുമായി ട്രംപ് കൂടിക്കാഴ്ച നടത്തി. ഹസ്തദാനം ചെയ്താണ് ബൈഡൻ ട്രംപിനെ സ്വീകരിച്ചത്. 2020-ൽ നടന്ന അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ശേഷം ട്രംപും ബൈഡനും ഇതാദ്യമായാണ് കൂടിക്കാഴ്ച നടത്തുന്നത്. 

വൈറ്റ് ഹൗസിലെ കൂടിക്കാഴ്ചയ്ക്ക് അൽപ്പം വൈകിയാണ് എത്തിയതെങ്കിലും പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ വിജയിച്ച ഡൊണാൾഡ് ട്രംപിനെ ജോ ബൈഡൻ അഭിനന്ദിച്ചു. സുഗമവും സമാധാനപരവുമായ അധികാര കൈമാറ്റം ഉറപ്പാക്കുമെന്ന് ട്രംപിന് ബൈഡൻ ഉറപ്പ് നൽകി. ട്രംപിന് ആവശ്യമായതെല്ലാം ഉറപ്പാക്കാൻ തന്നാൽ കഴിയുന്നതെല്ലാം ചെയ്യുമെന്നും ബൈഡൻ പറഞ്ഞു. കാര്യങ്ങളെല്ലാം സു​ഗമമായി തന്നെ നടക്കുമെന്നാണ് പ്രതീക്ഷയെന്ന് ട്രംപും മറുപടിയായി പറഞ്ഞു. പ്രഥമ വനിതയായ ജിൽ ബൈഡനും തൻ്റെ ഭർത്താവിനൊപ്പം ചേർന്ന് ട്രംപിൻ്റെ വിജയത്തെ അഭിനന്ദിച്ചു. 

ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായ കമലാ ഹാരിസിനെ തോൽപ്പിച്ചാണ് ട്രംപ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് തിരിച്ചെത്തുന്നത്. 127 വർഷത്തിന് ശേഷം തുടർച്ചയായല്ലാതെ ആദ്യമായി അധികാരത്തിൽ തിരിച്ചെത്തുന്ന വ്യക്തിയെന്ന നേട്ടവും ട്രംപ് സ്വന്തം പേരിലാക്കിയിരുന്നു. കമലാ ഹാരിസിന്റെ 226 വോട്ടിന് എതിരായി 312 ഇലക്ടറൽ വോട്ടുകൾ നേടിയാണ് ട്രംപ് വിജയമുറപ്പിച്ചത്. പെൻസിൽവേനിയയും അരിസോണയും ഉൾപ്പെടെ ഏഴ് സ്വിംഗ് സ്റ്റേറ്റുകളും ട്രംപ് തൂത്തുവാരിയിരുന്നു.